Friday, December 17, 2010

അവള്‍

മണി മന്ദിരങ്ങളും പട്ടു ചേലകളും
മനം മയക്കുന്ന രത്നാഭരണങ്ങളും
പെണ്മനം കൊതിക്കുന്നതെന്തും
സമ്മാനിച്ചതില്ലേ ഞാന്‍ നിനക്ക്?

നിന്‍റെ മനസ്സൊഴികെ എല്ലാമെനിക്ക് സ്വന്തം
നിന്‍റെ ആത്മാവൊഴികെ എല്ലാമെന്റെ അടിമ..

നിശബ്ദയായി ,നിരാലംബയായി
മിഴി താഴ്ത്തി നില്‍ക്കുന്ന
നിന്നോടാണ് എനിക്ക് ആവേശം.

എന്നെ കൊതിപ്പിക്കുന്നതും
ലഹരി പിടിപ്പിക്കുന്നതും
നിന്‍റെ അംഗ സൌഷ്ടവമാണ്
അതിനുള്ളിലെ നീയെനിക്കെന്നും
അന്യയും അസ്പര്‍ശ്യയുമായി നില്‍ക്കുന്നു

ഞാന്‍ ഉദിച്ചു അസ്തമിക്കുന്ന വേളയില്‍
കണ്ണുകളടച്ചു
പ്രാര്തനയിലെന്ന പോല്‍
നീ മുഴുകുന്നതേത് ധ്യനത്തിലാണ്?

Monday, November 29, 2010

ഭ്രമം

ആവര്‍ത്തിച്ചു പറഞ്ഞു കള്ളങ്ങളെ
സത്യമാക്കുന്ന മാന്ത്രിക വിദ്യ
നീ എന്ത് കാണണം,കേള്‍ക്കണം,
ചിന്തിക്കണം
അതെന്‍റെ കൈപ്പിടിയിലാണ്
നിനക്കൊന്നുമറിയില്ല
കാഴ്ച്ചയുടെ മായാജാലങ്ങളില്‍ പെട്ട്
സ്വയം നഷ്ടമായത് തിരിച്ചറിയാത്ത വിഡ്ഢി

ത്രിസന്ധ്യകള്‍ വിഡ്ഢിപ്പെട്ടിക്കു മുന്‍പില്‍
കണ്ണും മനവും പൂഴ്ത്തുമ്പോള്‍
പോരും പകയും നുരയുന്ന കഥകളില്‍
ആവേശത്തോടെ മുഴുകുമ്പോള്‍
ഉള്ളിലെ വിളക്കില്‍ കരിന്തിരി എരിഞ്ഞു മണത്തു
ദാഹനീര്‍ കിട്ടാത്തൊരു തുളസി കരിഞ്ഞു
കഥയ്ക്കും കവിതയ്ക്കുമായി കാതോര്‍ത്തു
കാത്തിരുന്ന കുഞ്ഞു മനസ്സും
സ്നേഹ വാല്സല്യങ്ങളോടെ
കഥ പറയാന്‍ കൊതിച്ചൊരു
മുത്തശ്ശിയും മറവിയില്‍ മാഞ്ഞു പോയി

Tuesday, November 23, 2010

അവസ്ഥാന്തരങ്ങള്‍


വാശി പിടിച്ചൊരു കുട്ടിയെപ്പോലെന് ഹൃദയം 
ചായാന്‍ ചുമലുള്ള നേരത്ത് 
ക്ഷീണമേറിയും
താങ്ങാന്‍  കയ്യുള്ളപ്പോള്‍ മാത്റം 
ഇടറി വീണും  
 
മഴയായി പെയ്തിറങ്ങാന്‍ നീ - 
കൊതിപൂണ്ട നേരം 
വരണ്ടുണങ്ങിയ മരുഭൂമിയായും 
വാത്സല്യം നിറഞ്ഞോരച്ഛനായ് നീ 
അരികിലെത്തുമ്പോള്‍  മകളായും 
പ്രണയത്തിന്‍ മഴവില്ലായി നീ 
വിരിയുന്ന വേളയില്‍ 
കാറൊഴിഞ്ഞൊരു  നീലാകാശമായും
 
തനിച്ചാകുന്ന നേരമൊക്കെയും
തിരയൊഴിഞ്ഞ കടല്‍പോല്‍ ശാന്തമായ് 
സ്വച്ഛമായ്
താങ്ങോ തണലോ കൊതിക്കാതെ 
വേനലും വറുതിയുമറിയാതെ
തോല്‍ക്കാന്‍ മനസ്സില്ലെന്ന വീറോടെ 
മുന്പോട്ടൊഴുകുന്ന പുഴപോലെന് ഹൃദയം...

Sunday, October 3, 2010

പൂവ് പറയാതെ പോയത്

ചെടിയില്‍ നിന്നടര്‍ത്തി മാറ്റി
പൂവിനെ പ്രണയിക്കുന്നവരല്ലേ നിങ്ങള്‍?
തണ്ടൊടിഞ്ഞ വേദനയില്‍
പൂവ് നീറുമ്പോള്‍
അഭിമാനത്തോടെ നിങ്ങളതിനെ
പ്രിയതമയുടെ മുടിക്കെട്ടിലോ
ദേവന്റെ കാല്ച്ചുവട്ടിലോ അര്‍ച്ചിക്കുന്നു.
കാറ്റും വെയിലും മഴയും
കിനാവ്‌ കണ്ടവള്‍,
കബരീ ഭാരത്തില്‍
വാടി ഉണങ്ങുകയോ
ഇലച്ചീന്തില്‍ പ്രസാദം ആവുകയോ ചെയ്യുന്നത് ആരറിയുന്നു?
വണ്ടുകള്‍ നുകരാതെ പോയ തേന്‍കണങ്ങള്‍
കരിഞ്ഞുണങ്ങും മുന്‍പേ
ഉറുമ്പിന്‍ കൂട്ടത്തിനു
തീന്‍ മേശ ഒരുക്കിയേക്കും...



Saturday, September 18, 2010

കുഞ്ഞ്

വിതയ്ക്കുന്നവനും വിത്തും

ഒരു കാലവും അനുവാദം

ചോദിക്കാറില്ല ഈ മണ്ണിനോട് ..

മഴയും വെയിലും മഞ്ഞും

ആഞ്ഞു പതിക്കുമ്പോള്‍

ധ്യാന മൂകമിരിക്കുമീ ഭൂമി


ജന്മ ബന്ധത്താല്‍ നീയെന്നോടും

കര്‍മ്മ ബന്ധത്താല്‍ ഞാന്‍ നിന്നോടും

ബന്ധിക്കപ്പെട്ടിരിക്കുന്നെങ്കിലും കുഞ്ഞേ,

ഒരു മാത്ര പോലും നീ എന്റേതെന്നു

കരുതുന്നതില്ല ഞാന്‍

മുറിഞ്ഞു പോയ പൊക്കിള്‍കൊടി

എനിക്ക് നല്‍കുന്നത്

വയറും മനസ്സും നിറഞ്ഞൊരു കാലത്തിന്‍റെ

ഓര്‍മ്മപ്പൊട്ടുകള്‍ ആണ്



ഒന്‍പതു മാസക്കാലം

എന്റെ ശ്വാസം നിന്റെതും

എന്‍റെ ജീവരക്തം നിന്‍റെ ജീവനുമായിരുന്നു

ലോകത്തിന്‍റെ മായക്കാഴ്ചകള്‍ കാണാതെ

നിന്‍റെ ഹൃദയമിടിപ്പിനും

പാദ സ്പര്‍ശനത്തിനും മാത്രമായി

കാതോര്‍ത്തു കഴിഞ്ഞൊരു കാലം



പിന്നെ വേദനയുടെ അന്ത്യത്തില്‍

നമ്മള്‍ രണ്ടായി ..

നീ ജനിച്ചു എന്ന അത്യാഹ്ലാദം

നാമിനിയൊന്നല്ല എന്ന തിരിച്ചറിവ്



ഇനി നിനക്ക് അകന്നു പോകണം

നിന്‍റെ ആകാശവും ഭൂമിയും തേടി

നിന്‍റെ ചിന്തയ്ക്കും ബുദ്ധിക്കും മേലെ

നിഴല്‍ പാടുകള്‍ വീഴ്ത്താതെ

അകന്നു മാറാന്‍

എന്‍റെ സ്നേഹം എന്നോട് പറയുന്നു ..



എങ്കിലും നിന്‍റെ കണ്ണിനു വെളിച്ചവും

പാതയില്‍ വിളക്കുമാകാന്‍

അവസാന ശ്വാസം വരെ

അമ്മയുടെ നെഞ്ചിലൊരു നേരിപ്പോടെരിയുന്നു ..









Sunday, August 22, 2010

തെറ്റുകള്‍

തെറ്റുകള്‍ പല വിധം
അറിയാത്തൊരു കൈപ്പിഴ
മാപ്പ് പറഞ്ഞു
അവസാനിപ്പിക്കാവുന്നത്

നൊന്തവനും നോവിച്ചവനും
ഒന്നു പോലെ മറന്നു കളയുന്നത് ...

മനസ്സറിയാതെ സംഭവിക്കുന്നത്‌
അറിയുന്ന നിമിഷം
മനസ്സാക്ഷിക്കു മുന്‍പിലൊരു
മാപ്പ് പറച്ചിലില്‍ മായുന്നത് ...


പിന്നെ ചിലത് ...
ഒരിക്കലും തിരുത്താന്‍ ആവാത്തത്
കൂട്ടുമ്പോളും കുറയ്ക്കുമ്പോളും
ശെരിയുത്തരം കിട്ടാത്തൊരു
കണക്കു പോലെ

തിരുത്താന്‍ നോക്കും തോറും
കൂടുതല്‍ തെറ്റിലേയ്ക്ക് ...


അഴിയുമ്പോളും മുറുകുമ്പോളും
വല്ലാതെ നോവിച്ചു
അഴിഞ്ഞകലാന്‍ മടിച്ചു
അന്ത്യശ്വാസം വരെ ..
ഉണങ്ങാന്‍ മടിക്കുമൊരു
വ്രണം പോലെ..

Sunday, July 18, 2010

വെറുമൊരു സ്വപ്നം

                               അവനു ഇറങ്ങേണ്ട സ്റ്റേഷന്‍ ലേയ്ക്ക് ഇനി അര മണിക്കൂര്‍ മാത്രം.പോയും വന്നും ഇരിക്കുന്ന നെറ്റ്.പല തവണ സംസാരം മുറിഞ്ഞു..അവന്റെ ചോദ്യങ്ങള്‍ എന്നില്‍ എത്താതെ നെറ്റില്‍ എവിടെയോ അലഞ്ഞു തിരിഞ്ഞു.അവസാനം എന്റെ സ്വപ്നങ്ങളെ പോലെ ചിറകറ്റു മരിച്ചിരിക്കണം.എന്‍റെ പല ഉത്തരങ്ങളും ഞാന്‍ ടൈപ്പ് ചെയ്തിടുമ്പോള്‍ വലയുടെ അങ്ങേയറ്റം അവനില്ലെന്നു സൂചിപ്പിച്ചു പച്ച വെളിച്ചം കെട്ടു.

ഒരിക്കല്‍ പറയാന്‍ തന്നെ വല്ലാതെ ധൈര്യം വേണ്ടുന്നവ..ഒന്നും ആവര്‍ത്തിച്ചില്ല..ഇതിനിടയില്‍ ഇടമുറിയാതെ പരസ്പരം കൈ മാറിയത് ഇഷ്ടമുള്ള പാട്ടുകള്‍ മാത്രമാണ്..

                          പ്രണയം ഒരു മല കയറ്റം പോലെ ആണെന്ന് പണ്ടാരോ പറഞ്ഞത് ഓര്‍മ്മ വന്നു.ഒരു പാടിഷ്ടമുള്ള ആളോട് ഫോണില്‍ സംസാരിക്കുമ്പോള്‍ നിങ്ങള്‍ എപ്പോള്‍ എങ്കിലും മിണ്ടാതെ ഇരുന്നിട്ടുണ്ടോ?എന്‍റെ ഇഷ്ടങ്ങളില്‍ ഒന്നാണത്..പറയുന്നത് കേട്ടു കണ്ണടച്ചിരിക്കുക.അപ്പുറത്ത് വീശി അടിക്കുന്ന കാറ്റും ,നിശ്വാസങ്ങള്‍ പോലും അടുത്തെന്ന പോലെ അറിയുക..ഒരു പാട് സ്നേഹിക്കുന്നവരുടെ ഇടയില്‍ വാക്കുകളുടെ അനാവശ്യമായ കലമ്പല്‍ എന്തിനു?

ചായ് ...ചായ് എന്ന വിളി..നിനക്ക് ചായ വേണോ?ലളിതമായ ചോദ്യം.എങ്കിലും.ഞങ്ങള്‍ക്കിടയില്‍ അതിനൊരു പാട് വില ഉണ്ട്.അത് കൊണ്ട് ഉത്തരം നെഞ്ചില്‍ കല്ലായി..കണ്ണ് നീര്‍ വീണത്‌ അവന്‍ അറിഞ്ഞിട്ടുണ്ടാവില്ല..സംസാരം മറ്റെന്തിലെക്കോ കടന്നു..ദിനോസറുകള്‍ ഉണ്ടാകും മുന്‍പേ നീയും ഞാനും ഉള്ള ലോകം എങ്ങനെ ഉണ്ടായെന്നു അറിയുമോ എന്ന് ചോദിച്ചു അവന്‍ കഥ പറഞ്ഞു തുടങ്ങി..ഞാന്‍ എന്നും കഥ കേള്‍ക്കാന്‍ ഇഷ്ടമുള്ള കുട്ടി ആയിരുന്നല്ലോ..അവന്‍ എനിക്കെത്ര കഥകള്‍ പറഞ്ഞു തന്നിരിക്കുന്നു..ഒരാളും ഒരിക്കലും പറയാത്ത അത്രയും..

ലോലയെയും,മഞ്ഞിലെ വിമല ടീച്ചര്‍ നെയും ഒരു പാട് പ്രണയിക്കുന്ന അവന്‍റെ മനസ്സില്‍ ഒരു മൂടല്‍ മഞ്ഞിനപ്പുറം അവ്യക്തമായിരിക്കുന്ന ഒരു കഥാപാത്രമായി നില നില്ക്കാന്‍ ആണ് എന്‍റെ ശ്രമം.അവന്‍ പറഞ്ഞു പറഞ്ഞു നൈനിറ്റാള്‍ നോട് എനിക്കൊരു വല്ലാത്ത ഇഷ്ടം ആയിട്ടുണ്ട്‌..ഒരിക്കലും പോകാന്‍ കഴിയില്ലെന്ന് സങ്കടം പറഞ്ഞപ്പോള്‍ അവിടുത്തെ ഒരു പാട് ചിത്രങ്ങള്‍ അയച്ചു തന്നു..ആ തടാക കരയിലാണല്ലോ ഒരിക്കലും മടങ്ങി വരാത്ത സുധീര്നെയും കാത്തു വിമല ടീച്ചര്‍ കഴിയുന്നത്‌..
                                      ഒരു പാടിഷ്ടമുള്ള ഒന്നിനെ,പാടില്ലെന്നറിയുന്ന കൊണ്ട് മാത്രം നെഞ്ചോടു ചേര്‍ത്തില്ല..ഒറ്റപ്പെടലിന്റെ ഈ യാത്രയില്‍,സ്നേഹത്തിന്റെ ഈ തണുപ്പില്‍ എനിക്കെന്നെ പൊതിഞ്ഞു സൂക്ഷിക്കാം ആയിരുന്നു..ഇല്ല ഈ ജന്മം ഒറ്റപ്പെടലിന്റെതാണ്.ഒരു പായലും പൊതിയാതെ,എല്ലാത്തിലും തട്ടി തടഞ്ഞു ,എന്നിലെ ഞാന്‍ എന്ന അഹന്ത ഉരഞ്ഞു തേഞ്ഞു ഒരു ഉരുളന്‍ കല്ലാവണം. കല്ലിനുള്ളില്‍ ജീവന്‍ തിരയുന്ന അന്വേഷകന്‍ ആണ് അവന്‍..എപ്പോളെങ്കിലും ഏതെങ്കിലുമൊരു തീരത്ത് നിന്ന് അവന്‍റെ കയ്യില്‍ എനിക്ക് എത്തിപ്പെടാന്‍ ആയെങ്കിലോ?.ഒരു യാത്രവസാനവും ഉപേക്ഷിക്കപ്പെടാതെ, അവന്‍റെ സഞ്ചിയില്‍ എനിക്കൊരു സ്ഥിരം സ്ഥാനം കിട്ടിയേക്കാം.
 
അപ്പോള്‍ ഭയമില്ലാതെ,നിറഞ്ഞു പൂത്ത ഗുല്‍മോഹറിന് താഴെ അവന്‍റെ ഒപ്പം എനിക്കിരിക്കാം..എനിക്കിഷ്ടമുള്ള മഴയില്‍ നനഞ്ഞു കുതിരുന്ന അവന്‍റെ ഭ്രാന്തുകള്‍ കണ്ടിരിക്കാം..എപ്പോളും എപ്പോളും പറഞ്ഞു പറഞ്ഞു സ്നേഹം ഉറപ്പാക്കുന്ന അവന്‍റെ കുറുമ്പുകള്‍ ആസ്വദിക്കാം..

Monday, May 24, 2010

കണ്പീലികള്‍ പറയാന്‍ മറന്നത് ..

                                         അവള്‍..എന്നായിരുന്നു അവള്‍ എന്‍റെ ജീവിതത്തിലേക്ക് വന്നത്.ഓര്‍മ്മിച്ചെടുക്കാന്‍ നോക്കും തോറും വഴുതി മാറി കൊണ്ടിരുന്നു.അവളെ പോലെ തന്നെ.pdc ക്ലാസ്സില്‍ അവള്‍ ഉണ്ടായിരുന്നോ? ഒരിക്കലും കണ്ടില്ല എന്നാണോ? അങ്ങനെ വരാന്‍ ന്യായമില്ല.ചുറ്റുമുള്ള ഓരോ പുല്ലിനെയും പുല്‍ക്കൊടിയെയും വരെ മനസ്സ് നിറയെ കണ്ടു നടന്ന എന്‍റെ മനസ്സില്‍ ഉടക്കാന്‍ മാത്രം ഒന്നുമുണ്ടായിരുന്നില്ല അവളില്‍ എന്നതാണ് നേര്..എല്ലാവരെയും കണ്ടു,എന്നാല്‍ ആരെയും കാണാത്ത പോലെ ഒരു രാജ്ഞിയുടെ തലയെടുപ്പോടെ മാത്രമേ ഞാന്‍ എവിടെയും നടന്നിരുന്നുള്ളൂ..പിന്തുടര്‍ന്ന് എത്തുന്ന നോട്ടങ്ങള്‍ പലതും കണ്ടില്ലെന്നു നടിച്ചു.


ആ നോട്ടങ്ങള്‍ ഒന്നും മനസ്സിലേയ്ക്ക് കടന്നില്ല.ഹോസ്റ്റലില്‍ സ്ഥിരം പറയാറുള്ളത് പോലെ -"അതൊന്നുമല്ല എന്‍റെ മനസ്സിന് ഇണങ്ങിയ ആള്‍".മീശയില്ലാത്ത എന്ത് പൌരുഷമാണ്.എന്നെ നോക്കി എന്‍റെ പിന്നാലെ നടക്കുന്ന ഒരാളോട് എനിക്ക് ആരാധന തോന്നില്ല..


എനിക്ക് ബഹുമാനവും ആരാധനയും തോന്നുന്ന ഒരാളോടെ പ്രണയം തോന്നൂ..ഭാഗ്യത്തിനോ നിര്‍ഭാഗ്യത്തിനോ ഇത് വരെ അങ്ങനെ ആരും ഉണ്ടായില്ല.ആ പോട്ടെ..പ്രണയത്തോട് ആണ് എനിക്ക് പ്രണയം..അത് ആളുകളോട് ആവുമ്പോള്‍ നമ്മുടെ ഗീതു നടക്കുന്ന പോലെ നിലാവാത്തിട്ട കോഴിയെ പോലെ..അതൊന്നും എനിക്ക് ശെരിയാവില്ല.പക്ഷെ ഒരു കാര്യം എനിക്കുറപ്പാണ് എന്നെങ്കിലും അങ്ങനെ ഒന്നുണ്ടായാല്‍, ഈ ലോകത്ത് ആര് പ്രണയിച്ചതിനെക്കാളും തീവ്രമായി എനിക്ക് പ്രണയിക്കണം..

"രാവിലെ തന്നെ ഫിലോസഫി പറഞ്ഞു കൊല്ലല്ലേ"..നീലിമ ഓടി രക്ഷപെട്ടു..
പറഞ്ഞു വന്നത് എന്നെ പറ്റിയല്ലല്ലോ.അവളെ പറ്റിയല്ലേ..പാദസ്പര്‍ശം പോലും ഭൂമിക്കൊരു നോവാകരുതെന്നു കരുതി അത്ര മേല്‍ മൃദുലമായ വാക്കും പ്രവര്‍ത്തികളും ഒക്കെയായി ഒരാള്‍.ഇങ്ങനെ ഒരാള്‍ ഇവിടെ കഴിയുന്നു എന്നൊരു തോന്നല്‍ ആരിലും ഉണ്ടാക്കാത്ത വണ്ണം  സൌമ്യമായ ഒരാള്‍..


വൈകുന്നേരത്തെ കത്തി വയ്ക്കല്‍ കാര്യമായി പുരോഗമിക്കുമ്പോള്‍ ആണ്,നടുമുറ്റം കടന്നു ഒരാള്‍,കൈ തണ്ടയില്‍ അലക്കിയ തുണികളും തൂക്കി കടന്നു വരുന്നു.നീലിമയോട് ചോദിച്ചു "ആരാടീ ഈ സ്മ്രിതിലയം?".ഉം നീ അറിഞ്ഞില്ലേ. literature ഇലെ ആണ്..ഒരു മിണ്ടാപ്രാണി..
വൈകുന്നേരത്തെ TT കളിക്കിടയില്‍ കാഴ്ചക്കാരുടെ കൂട്ടത്തില്‍ അവള്‍ ഉണ്ടാകും..വാശിയോടെ ഞാന്‍ ജയിച്ചു കയറുമ്പോള്‍ ഒക്കെ ഉയര്‍ന്നു വരുന്ന കയ്യടികള്‍..പിന്നെ birthday പാര്‍ടികളിലെ ഞങ്ങള്‍ടെ തട്ടിക്കൂട്ട് നാടകങ്ങളിലെ താല്‍ക്കാലിക നായിക ആയി പലപ്പോളും അവളെത്തി.മൌനത്തോളം വാചാലമായി ഒന്നുമില്ലെന്ന് എന്നെ പഠിപ്പിച്ചത് അവളാണ്.കാമ്പസിലെ സ്ഥിരം നാലുമണി കൂട്ടങ്ങളില്‍,മറ്റുള്ളവര്‍ക്കായി കാത്തു നിന്നപ്പോള്‍ പലപ്പോളും ഞങ്ങള്‍ തനിച്ചായത്‌ നിമിത്തമാണോ?അര്‍ത്ഥ ശൂന്യമായ വാക്കുകള്‍ ചിതറി വീഴാതെ ആ നിമിഷങ്ങളെ അവള്‍ കാത്തു സൂക്ഷിക്കുമായിരുന്നു.


ഇടക്കൊക്കെ മാത്രം കണ്ണുകള്‍ ഇടഞ്ഞു.ആത്മവിലെയ്ക്കെന്ന പോലെ ഉള്ള അവളുടെ നോട്ടങ്ങള്‍.അര്‍ത്ഥമറിയാതെ ഞാന്‍ പകച്ചു.

എന്തിനും ഏതിനും,വാക്കുകള്‍ കൊണ്ട് മായാജാലം കാട്ടിയിരുന്ന ഞാന്‍ ..എനിക്ക് സംസാരിക്കാന്‍ വിഷയം ഇല്ലാതെ ആയി..ഞങ്ങള്‍ക്കിടയില്‍ മൌനം ഉറഞ്ഞു കൂടുമ്പോള്‍,എന്‍റെ മനസ്സില്‍ പേരറിയാത്തൊരു പേടി നിഴല്‍ വിരിച്ചു..

ഒരിക്കല്‍ നാടക റിഹെര്സലിനു ഇടയില്‍ ഞാന്‍ വെറുതെ തമാശക്ക്  ചോദിച്ചു..കൊച്ചെ ഇതെന്തു എണ്ണയാണ് നീ മുടിയില്‍ വയ്ക്കുന്നത്? കാട്ട് മുല്ലയുടെ മണം ആണല്ലോ നിനക്ക്? അവളുടെ കണ്ണുകളില്‍ നക്ഷത്രങ്ങള്‍?

"കാട്ട് മുല്ല കണ്ടിട്ടുണ്ടോ?" "എവിടുന്നു? പക്ഷെ ഇത് തന്നെ ആവും ആ മണം.എനിക്കങ്ങനെ തോന്നി". ഒരു നിമിഷം അരങ്ങിലെ വേഷം ആടി തിമിര്‍ത്തു..

പിന്നെയുള്ള ദിവസങ്ങളില്‍ അവളുടെ മുഖത്ത് നോക്കാതെ ആയി നടപ്പ്.കോളേജ് അടക്കുകയാണ്.അവധി ദിവസങ്ങളില്‍ ഓടി അണയാന്‍ സ്നേഹം തുളുമ്പുന്ന ഒരു കൂടും,അവിടെ കടല്‍ പോലെ സ്നേഹവുമായി ഒരമ്മയും ഇല്ലാത്തതു കൊണ്ട് കാമ്പസില്‍ തന്നെ ആവും എന്‍റെ അവധിക്കാലവും.ആദ്യത്തെ കുറെ ദിവസങ്ങളില്‍ പുസ്തകങ്ങളുടെ ലോകത്ത് മുങ്ങി പോയിരുന്നു ഞാന്‍. ayn rand ന്റെ "The Fountain Head" .


എത്രാമത്തെ തവണ ആണത് വായിക്കുന്നത്?ഇന്ന് വരെ തോന്നിയതില്‍ ഏറ്റം തീവ്രമായ പ്രണയം അതിലെ നായകനായ ഹോവാര്‍ഡ് റോര്‍ക്ക് ഇനോട് ആയിരുന്നു.കഥ പുരോഗമിക്കവേ അതിലെ ഏതെങ്കിലുമൊരു നിമിഷം അയാള്‍ മുന്‍പില്‍ വന്നിരുന്നെങ്കില്‍,വേര്‍പിരിയാനാവാത്ത പോലെ ഞങ്ങള്‍ ഒന്നായേനെ എന്ന് പോലും തോന്നിയിട്ടുണ്ട് ..അയാളോട് തോന്നിയത് ഒരു പ്ലാടോനിക് ലവ് ഒന്നും ആയിരുന്നില്ല.
മനസ്സിന്‍റെ വിശപ്പ്‌ അടങ്ങിയ  ഒരു ദിവസം, കുളിച്ചു ഒന്ന് പുറത്തേയ്ക്ക് ഇറങ്ങാന്‍ തീരുമാനിച്ചു.വെറുതെ ചുറ്റി തിരിഞ്ഞു അമ്പലത്തിന്റെ അരികില്‍ എത്തി.അകത്തേയ്ക്ക് കയറിയില്ല..കാറ്റ് കൊണ്ട് ആല്‍ത്തറയില്‍ ഇരുന്നു.ദീപാരാധന കഴിഞ്ഞു.ഇല ചീന്തില്‍ പായസവുമായി അവള്‍..ഒരു നിമിഷം കാലം കീഴ്മേല്‍ മറിഞ്ഞു.ഓര്‍മ്മ തിരികെ കിട്ടുമ്പോള്‍ കാല്‍ കീഴില്‍ വാടിയൊരു ഇലച്ചീന്തില്‍ മണ്‍തരികള്‍ കുഴഞ്ഞു പായസം.


പിന്നെ ഒരു ഓട്ടം ആയിരുന്നു.എന്നില്‍ നിന്ന്.അവളില്‍ നിന്ന്..ആലിലകള്‍ സാക്ഷി നിന്ന ആ ഓര്‍മ്മകളില്‍ നിന്ന്..കൂമ്പി നിന്ന വാചാലമായ അവളുടെ കണ്പീലികളില്‍ നിന്ന്..ഊരും പേരും തിരയാതെ,ബന്ധുക്കള്‍ കണ്ടെത്തിയ ഏതോ ഒരാള്‍ക്ക് മുന്‍പില്‍ കഴുത്ത്‌ നീട്ടിയ അന്ന് മുതല്‍ ഈ നിമിഷം വരെ..
സ്നേഹം തിരയരുതെന്നു പഠിപ്പിച്ചു തന്ന ജീവിതം..വച്ചും വിളമ്പിയും വല്ലാതെ തളരുമ്പോള്‍,ഒന്ന് മുഖം ചേര്‍ക്കാന്‍ ഒരു സ്നേഹ സാന്ത്വനവും ഇല്ലാത്തപ്പോള്‍,ചിലപ്പോളെങ്കിലും എനിക്ക് നിന്നെ ഓര്‍മ്മ വരുന്നു..തെറ്റും ശെരിയും തിരഞ്ഞു മടുത്ത ഈ ജീവിതത്തില്‍,ഈ ഓര്‍മ്മകളെ ശെരിയുടെ ഭാഗത്ത്‌ ചേര്‍ത്ത് വയ്ക്കാനാണ് എനിക്കിഷ്ടം..





Friday, March 12, 2010

സ്വപ്നമേഘങ്ങള്‍ക്കിടയില്‍

സ്വപ്നമേഘങ്ങളിലൊരു പട്ടമായ്

പറന്നലയാന്‍ മോഹം


മണ്ണില്‍ വേരുകള്‍ ഉറപ്പിച്ചു

ആകാശത്തില്‍ ചിറകുകള്‍ വിരിച്ചു

സൂര്യതാപത്തില്‍ കൊഴിയാതെ

മേഘങ്ങള്‍ക്കിടയിലൂടെ ഒഴുകി പരന്നു...


കൊക്കുരുമ്മും മഴമേഘങ്ങള്‍

ഉയര്‍ത്തിയ ഹുങ്കാരത്തില്‍ ഭയന്ന്

മണ്ണിന്‍റെ നെഞ്ചില്‍

വേരുകളില്‍ തല ചായ്ക്കാനൊരു മോഹം


താഴേയ്ക്കുള്ള പറക്കല്‍ ?

നീണ്ടൊരു ആലോചനക്കൊടുവില്‍ ....

മധുരമുള്ള നോവാണീ പ്രവാസം

മണ്ണിലേക്ക് മടങ്ങുന്നതെന്തിനു നീ?

വിണ്ണില്‍ പറന്നു കളിച്ചു

മണ്ണിനെ മോഹിക്കുന്നതല്ലേ സുഖം?


സ്വാതന്ത്ര്യത്തിലേക്കുള്ള അവസാന പടി..

ബലഹീനമായ ആ ചരട്...

പഴകി പിന്‍ജിയിട്ടും,ശക്തി ചോരാതെ...

വേരുകള്‍ അടരാതെ കാക്കുന്നത്..

സ്വാതന്ത്ര്യത്തിലേക്ക് പറന്നുയരാനായി

പൊട്ടിച്ചു എറിയുക തന്നെ വേണം...

Wednesday, January 13, 2010

ഒരിടത്തൊരിടത്ത് ഒരു രാജകുമാരനും രാജകുമാരിയുo...

"ഉണ്ണീ..ഒരു കഥ പറയൂന്നെ..ഒരു കഥ.എനിക്ക് ഉറക്കം വരാത്തോണ്ടാല്ലേ"


മയക്കത്തില്‍ നിന്ന് അയാള്‍ ഞെട്ടി ഉണര്‍ന്നു.ഇല്ല.വെറുതെ തോന്നിയതാണ്.കഥയ്ക്ക്‌ വാശി പിടിക്കുന്ന സ്വഭാവം ഒക്കെ ആള്‍ക്ക് എന്നേ നഷ്ടമായിരിക്കുന്നു.പണ്ടത്തെ സ്ഥിരം വാശികളില്‍ ഒന്നായിരുന്നല്ലോ അത്...

കഥകളില്‍ അവര്‍ ഓണാട്ടുകരയിലെ എല്‍ പി സ്കൂള്‍ മാഷും ടീച്ചറും ആയി. സെറ്റ് മുണ്ടുടുത്ത്,മുടിയില്‍ തുളസിക്കതിര്‍ ചൂടിയ..സ്വപ്നം മയങ്ങുന്ന കണ്ണുകള്‍ ഉള്ള ദേവി ടീച്ചറും അവള്‍ടെ ഉണ്ണി മാഷും.


സ്വപ്നം മയങ്ങുന്ന കണ്ണുകള്‍ എന്നത് മാഷ്‌ സ്നേഹം കൂടുമ്പോള്‍ പറയുന്നതാണ്.മറ്റുള്ളവര്‍ക്ക് നല്ല ഒന്നാംതരം മത്തങ്ങാ കണ്ണിയാണ്.കുറുമ്പ് കൂടുമ്പോള്‍ മാഷ്‌ പറയുന്നതാണ് ഇങ്ങനെ..

"ഉം എന്നിട്ട് എന്നിട്ട് ...എങ്ങനെയാ മാഷ്‌ എന്നും സ്കൂളില്‍ വരുന്നേ..നടന്നിട്ടാണോ"

"ഏയ്‌ മാഷ്‌ നടക്കണോ..നല്ല അസ്സലൊരു ബുള്ളെറ്റ് ഉണ്ടേ..അതിലിങ്ങനെ നമ്മുടെ മോഹന്‍ ലാല്‍ സ്റ്റൈലില്‍ അല്ലെ വരുന്നത്..പാവം ടീച്ചര് നടന്നിട്ടാ.."

"ഹോ അങ്ങനിപ്പോള്‍ സുഖിക്കണ്ട.."

"ടീച്ചര്‍ക്ക്‌ പിണക്കായോ..ടീച്ചറെ..
ദേവി  ടീച്ചറെ ..പിണങ്ങാതെന്നെ..നടപ്പൊക്കെ കുറച്ചു കാലം കൂടെ അല്ലെ ഉള്ളൂ..അത് കഴിഞ്ഞാല്‍ ഇങ്ങനെ കെട്ടിപ്പിടിച്ചിരുന്നു വന്നൂടെ.."

"അയ്യേ എന്തൊരു നാണക്കേട്‌"

ആഹ ടീച്ചറുടെ മുഖത്തെന്തിനാ ഇപ്പോള്‍ ഒരു ചുവപ്പ് ..അതിനും വേണ്ടി ഞാന്‍ ഒന്നും പറഞ്ഞില്ലാലോ..വള്ളുവനാടന്‍ സ്ലാങ്ങില്‍ മാഷുടെ ഒരു തമാശ..

ഉം ..പിന്നെ ..ബാക്കി പറയു

അപ്പുറത്തെ ക്ലാസ്സില്‍ ദേവി മലയാളം പഠിപ്പിക്കയാണ് കേട്ടോ..മാഷിന്റെ കണക്കുകള്‍ ഒക്കെ തെറ്റുന്ന കോളാണ്.കുട്ടികള്‍ അടക്കി പിടിച്ചു ചിരിക്കുന്നുണ്ട്.കയ്യില്‍ നിന്ന് പോയ ചോക്ക് എടുക്കാനെന്ന പോലെ മാഷുടെ കണ്ണുകള്‍ അപ്പുറത്തെ ക്ലാസ്സിലേക്ക് പോണത് കുട്ടികള്‍ ശ്രദ്ധിച്ചിട്ടുണ്ട് ...
 
ഊണ് കഴിക്കാന്‍ എല്ലാരും സ്റ്റാഫ്‌ റൂമില്‍ ഒത്തു കൂടി ..ആണുങ്ങള്‍ ഒക്കെ രാഷ്ട്രീയ ചര്‍ച്ചയിലാണ് .. ഇന്നെന്താ സ്പെഷ്യല്‍?


എന്‍റെ മാഷേ ആ പാവം പച്ചക്കറി എന്ത് സ്പെഷ്യല്‍ കൊണ്ട് വരാനാണ്?അതൊക്കെ നമ്മുടെ അന്നമ്മ ടീച്ചര്.ഒരു കുഞ്ഞു കോഴിക്കാലെങ്കിലും ഉറപ്പല്ലേ ആ പാത്രത്തില്‍.
ദേവി കഴിച്ചു കൊണ്ടിരുന്ന പപ്പടത്തിന്റെ ബാക്കി മാഷ്‌ എടുത്തു കഴിച്ചു..ആള് ദേ അന്തം വിട്ടിരിക്കുന്നു.എന്‍റെ ടീച്ചറെ ഒരു പപ്പടം എടുതതിനാണോ ഇങ്ങനെ നോക്കി പേടിപ്പിക്കുന്നത്‌..ദേവി പെട്ടന്ന് മുഖം താഴ്ത്തി.ബാക്കി കഴിച്ചെന്നു വരുത്തി എണീറ്റ്‌ പോയി..


മാഷ്ന് ആകെ ഒരു അങ്കലാപ്പ് .ഇനിയിപ്പോള്‍ പപ്പടം എടുത്തത്‌ ഇഷ്ടമായില്ലാന്നുണ്ടോ?ആ കുട്ടിയെ ഒരു പിടിയും കിട്ടുന്നില്ലല്ലോ.ഇനിയിപ്പോള്‍ ഇത് മനസ്സില്‍ വച്ച് എരിപൊരി സഞ്ചാരം ആയി നടന്നിട്ട് കാര്യമില്ല.ഇതിനൊരു പരിഹാരം കാണണം,വൈകുന്നേരം ആവട്ടെ.ബൈക്കിനു കേടാണ് എന്നൊരു കള്ളം പറഞ്ഞു എല്ലാരുടെയും കൂടെ നടക്കുകയെ തരമുള്ളൂ.അന്നമ്മ ടീച്ചറുടെ വീട് കഴിഞ്ഞാല്‍ ദേവി തനിച്ചാകും..

"കുറെ ആയി ദേവിയോടൊരു കാര്യം പറയാന്‍"

മാഷ്‌ പാതിയില്‍ നിര്‍ത്തി."എന്തിനാ ഇങ്ങനെ എന്നെ നോക്കി കണ്ണുരുട്ടുന്നെ"

ദേ വീണ്ടും കണ്ണുരുട്ടുന്നു..സത്യത്തില്‍ പറയാന്‍ വന്നത് അതല്ലാട്ടോ.പപ്പടം എടുത്തതൊക്കെ ഇഷ്ടമായത് കൊണ്ടല്ലേ..കൂടെ കൂടുന്നോ.തനിച്ചുള്ള ഈ നടപ്പും ഒഴിവക്കാല്ലോ.

ഉം..എന്നിട്ട് ..


എന്നിട്ടെന്താ..അങ്ങനെ അങ്ങനെ മാഷ്‌ ടീച്ചറുടെ കഴുത്തില്‍ താലി കെട്ടി..

ശോ ഇത് ശരിയല്ലാട്ടോ.കഥയുടെ എല്ലാ രസോം കളഞ്ഞു.ഇത് ഞാന്‍ കഥ ആയി കൂട്ടാനേ പോണില്ല..വേറെ പറയൂ..

ആഹാ കൊള്ളാല്ലോ.ഇനിയിപ്പോള്‍ ഏതു കഥയാ കേള്‍ക്കണ്ടേ..ഉത്സവപ്പറമ്പില്‍ മാഷുടെ കയ്യില്‍ തൂങ്ങി ചുറ്റി നടന്നു കണ്മഷിയും കുപ്പിവളയും വാങ്ങുന്ന ദേവിയുടെയോ..അതോ ആദ്യത്തെ ആള്‍ വയറ്റില്‍ ആയിരുന്നപ്പോള്‍,കൊതി തോന്നുന്ന നേരത്ത് ഒക്കെ സ്വാമിയാരുടെ കടയില്‍ നിന്ന് മസാല ദോശ പാര്‍സല്‍ വാങ്ങി വരണ മാഷ്നെ പറ്റിയോ?മാഷ്നെ പിരിഞ്ഞിരിക്കാന്‍ വയ്യാത്ത കൊണ്ട് മാത്രം ആദ്യ പ്രസവത്തിനു കൂടെ സ്വന്തം വീട്ടില്‍ പോവാത്ത ആളുടെയോ ..

ഏതു കഥയാ ദേവൂനു കേള്‍ക്കേണ്ടത്.

കഥ കേട്ട് കേട്ട്  ദേവി ഉറക്കമായി..

എല്‍ പി സ്കൂളും ഓണാട്ടുകരയും വിട്ടു അയാള്‍ ജീവിതത്തിലേക്ക് തിരിച്ചെത്തി..ഇനി ഉറക്കം വരില്ല.നിമിഷങ്ങള്‍ എണ്ണി തുടങ്ങുകയാണ്.

ഇത് അവസാനത്തെ കൂടി കാഴ്ചയാണ്.കൂടുതല്‍ ബന്ധങ്ങളിലേക്ക്,ബന്ധനങ്ങളിലെയ്ക്ക് താനും വീഴുകയാണ്.ഇനി ഉണ്ടാവില്ല ഇങ്ങനെ ഒരു കാണല്‍.കഥ കേള്‍ക്കാന്‍ കൊതിച്ച കുട്ടിയായി ടീച്ചറും,കഥ പറയാന്‍ കൊതിച്ച മാഷായി താനും ഇനി കുറച്ചു മണിക്കൂറുകള്‍ മാത്രം.അതിന്റെ അവസാനം ജീവിതത്തിന്റെ വേനലാണ്. പൊള്ളിക്കുന്ന വേനല്‍..വാടി കരിയാതെ മുന്‍പോട്ടു പോകണം..ഓര്‍മ്മകളുടെ മരുപ്പച്ചയായി ഈ നിമിഷങ്ങള്‍ മനസ്സില്‍ ഉണ്ടാവണം..

ഏതേതോ നഗരങ്ങളില്‍ വ്യത്യസ്തമായ ജീവിത ഭാണ്ഡങ്ങള്‍ ചുമക്കുന്നവര്‍,ഈ കഥകളില്‍ മാത്രം ഒന്നിച്ചു.ഒരിക്കലും നടക്കാത്തവ.നടക്കണം എന്ന് പ്രാര്‍ത്ഥിക്കാന്‍ പോലും ധൈര്യം പോരത്തവ ഒക്കെ ഇങ്ങനെ കഥയായി..കേട്ടും,പറഞ്ഞും..അതിലെ കഥാപാത്രങ്ങളായി മാത്രം അവര്‍ ജീവിച്ചു.


കണ്ണടഞ്ഞു പോകുമെന്ന് ഭയമായിരുന്നു.ഉറങ്ങിയാല്‍ ആ നിമിഷങ്ങള്‍ ദേവിയെ കാണാന്‍ കഴിയില്ല.ഈ ജന്മത്തേക്കുള്ള ഓര്‍മ്മകളാണ്.കണ്പോളകളെ അടഞ്ഞു പോകരുത്..