Sunday, July 18, 2010

വെറുമൊരു സ്വപ്നം

                               അവനു ഇറങ്ങേണ്ട സ്റ്റേഷന്‍ ലേയ്ക്ക് ഇനി അര മണിക്കൂര്‍ മാത്രം.പോയും വന്നും ഇരിക്കുന്ന നെറ്റ്.പല തവണ സംസാരം മുറിഞ്ഞു..അവന്റെ ചോദ്യങ്ങള്‍ എന്നില്‍ എത്താതെ നെറ്റില്‍ എവിടെയോ അലഞ്ഞു തിരിഞ്ഞു.അവസാനം എന്റെ സ്വപ്നങ്ങളെ പോലെ ചിറകറ്റു മരിച്ചിരിക്കണം.എന്‍റെ പല ഉത്തരങ്ങളും ഞാന്‍ ടൈപ്പ് ചെയ്തിടുമ്പോള്‍ വലയുടെ അങ്ങേയറ്റം അവനില്ലെന്നു സൂചിപ്പിച്ചു പച്ച വെളിച്ചം കെട്ടു.

ഒരിക്കല്‍ പറയാന്‍ തന്നെ വല്ലാതെ ധൈര്യം വേണ്ടുന്നവ..ഒന്നും ആവര്‍ത്തിച്ചില്ല..ഇതിനിടയില്‍ ഇടമുറിയാതെ പരസ്പരം കൈ മാറിയത് ഇഷ്ടമുള്ള പാട്ടുകള്‍ മാത്രമാണ്..

                          പ്രണയം ഒരു മല കയറ്റം പോലെ ആണെന്ന് പണ്ടാരോ പറഞ്ഞത് ഓര്‍മ്മ വന്നു.ഒരു പാടിഷ്ടമുള്ള ആളോട് ഫോണില്‍ സംസാരിക്കുമ്പോള്‍ നിങ്ങള്‍ എപ്പോള്‍ എങ്കിലും മിണ്ടാതെ ഇരുന്നിട്ടുണ്ടോ?എന്‍റെ ഇഷ്ടങ്ങളില്‍ ഒന്നാണത്..പറയുന്നത് കേട്ടു കണ്ണടച്ചിരിക്കുക.അപ്പുറത്ത് വീശി അടിക്കുന്ന കാറ്റും ,നിശ്വാസങ്ങള്‍ പോലും അടുത്തെന്ന പോലെ അറിയുക..ഒരു പാട് സ്നേഹിക്കുന്നവരുടെ ഇടയില്‍ വാക്കുകളുടെ അനാവശ്യമായ കലമ്പല്‍ എന്തിനു?

ചായ് ...ചായ് എന്ന വിളി..നിനക്ക് ചായ വേണോ?ലളിതമായ ചോദ്യം.എങ്കിലും.ഞങ്ങള്‍ക്കിടയില്‍ അതിനൊരു പാട് വില ഉണ്ട്.അത് കൊണ്ട് ഉത്തരം നെഞ്ചില്‍ കല്ലായി..കണ്ണ് നീര്‍ വീണത്‌ അവന്‍ അറിഞ്ഞിട്ടുണ്ടാവില്ല..സംസാരം മറ്റെന്തിലെക്കോ കടന്നു..ദിനോസറുകള്‍ ഉണ്ടാകും മുന്‍പേ നീയും ഞാനും ഉള്ള ലോകം എങ്ങനെ ഉണ്ടായെന്നു അറിയുമോ എന്ന് ചോദിച്ചു അവന്‍ കഥ പറഞ്ഞു തുടങ്ങി..ഞാന്‍ എന്നും കഥ കേള്‍ക്കാന്‍ ഇഷ്ടമുള്ള കുട്ടി ആയിരുന്നല്ലോ..അവന്‍ എനിക്കെത്ര കഥകള്‍ പറഞ്ഞു തന്നിരിക്കുന്നു..ഒരാളും ഒരിക്കലും പറയാത്ത അത്രയും..

ലോലയെയും,മഞ്ഞിലെ വിമല ടീച്ചര്‍ നെയും ഒരു പാട് പ്രണയിക്കുന്ന അവന്‍റെ മനസ്സില്‍ ഒരു മൂടല്‍ മഞ്ഞിനപ്പുറം അവ്യക്തമായിരിക്കുന്ന ഒരു കഥാപാത്രമായി നില നില്ക്കാന്‍ ആണ് എന്‍റെ ശ്രമം.അവന്‍ പറഞ്ഞു പറഞ്ഞു നൈനിറ്റാള്‍ നോട് എനിക്കൊരു വല്ലാത്ത ഇഷ്ടം ആയിട്ടുണ്ട്‌..ഒരിക്കലും പോകാന്‍ കഴിയില്ലെന്ന് സങ്കടം പറഞ്ഞപ്പോള്‍ അവിടുത്തെ ഒരു പാട് ചിത്രങ്ങള്‍ അയച്ചു തന്നു..ആ തടാക കരയിലാണല്ലോ ഒരിക്കലും മടങ്ങി വരാത്ത സുധീര്നെയും കാത്തു വിമല ടീച്ചര്‍ കഴിയുന്നത്‌..
                                      ഒരു പാടിഷ്ടമുള്ള ഒന്നിനെ,പാടില്ലെന്നറിയുന്ന കൊണ്ട് മാത്രം നെഞ്ചോടു ചേര്‍ത്തില്ല..ഒറ്റപ്പെടലിന്റെ ഈ യാത്രയില്‍,സ്നേഹത്തിന്റെ ഈ തണുപ്പില്‍ എനിക്കെന്നെ പൊതിഞ്ഞു സൂക്ഷിക്കാം ആയിരുന്നു..ഇല്ല ഈ ജന്മം ഒറ്റപ്പെടലിന്റെതാണ്.ഒരു പായലും പൊതിയാതെ,എല്ലാത്തിലും തട്ടി തടഞ്ഞു ,എന്നിലെ ഞാന്‍ എന്ന അഹന്ത ഉരഞ്ഞു തേഞ്ഞു ഒരു ഉരുളന്‍ കല്ലാവണം. കല്ലിനുള്ളില്‍ ജീവന്‍ തിരയുന്ന അന്വേഷകന്‍ ആണ് അവന്‍..എപ്പോളെങ്കിലും ഏതെങ്കിലുമൊരു തീരത്ത് നിന്ന് അവന്‍റെ കയ്യില്‍ എനിക്ക് എത്തിപ്പെടാന്‍ ആയെങ്കിലോ?.ഒരു യാത്രവസാനവും ഉപേക്ഷിക്കപ്പെടാതെ, അവന്‍റെ സഞ്ചിയില്‍ എനിക്കൊരു സ്ഥിരം സ്ഥാനം കിട്ടിയേക്കാം.
 
അപ്പോള്‍ ഭയമില്ലാതെ,നിറഞ്ഞു പൂത്ത ഗുല്‍മോഹറിന് താഴെ അവന്‍റെ ഒപ്പം എനിക്കിരിക്കാം..എനിക്കിഷ്ടമുള്ള മഴയില്‍ നനഞ്ഞു കുതിരുന്ന അവന്‍റെ ഭ്രാന്തുകള്‍ കണ്ടിരിക്കാം..എപ്പോളും എപ്പോളും പറഞ്ഞു പറഞ്ഞു സ്നേഹം ഉറപ്പാക്കുന്ന അവന്‍റെ കുറുമ്പുകള്‍ ആസ്വദിക്കാം..