Monday, October 10, 2016

തിരയുന്നില്ല ഞാൻ നിന്നെ തഥാഗഥാ

 തഥാഗഥാ,
നിന്നെ തിരയുന്നില്ലെന്ന നാട്യത്തിൽ
കൊഴിഞ്ഞു പോയെത്ര വർഷങ്ങൾ
വഴി തെറ്റിയലയുന്ന പാദങ്ങൾ
സ്വപ്നങ്ങൾ വറ്റിത്തുടങ്ങിയ കണ്ണുകളിൽ
ഇടറുന്ന കാഴ്ചകളുടെ തിരയിളക്കം

ഇനി താണ്ടാൻ ഒരു മലയും ബാക്കിയില്ലെന്നിരിക്കെ
നീന്തിക്കടക്കുവാൻ ഒരു പുഴയുമില്ലെന്നിരിക്കെ
അടർത്തി മാറ്റുന്നു  ഞാനീ പുറം കാഴ്ചകളുടെ ലോകത്തെ
പ്രാർത്ഥനകളും മന്ത്രങ്ങളും ഒഴിയുമ്പോൾ
ഉള്ളിൽ നിറയുന്ന മൗനത്തിൽ
നീ മാത്രം നിറയുന്നു
നിന്നെ മാത്രം അറിയുന്നു

ഏറെ തളർന്നോരെന്റെ കാൽപ്പാദങ്ങളെ
ചേർത്ത് വയ്ക്കുന്നു നിന്റെ കാൽപ്പാടുകളിൽ
വഴികളെല്ലാം തീരുന്നൊരിടത്തു നിന്ന്
നിന്നിലേക്കുള്ള വഴി തുടങ്ങുന്നതായറിയുന്നു ഞാൻ
എങ്കിലും
തിരയുന്നില്ല ഞാൻ നിന്നെ തഥാഗഥാ


Sunday, May 15, 2016

മഴക്കാലം

ജനലിനപ്പുറം
 നിറഞ്ഞു പെയ്യുന്ന മഴ
ചെടികളെയും മരങ്ങളെയും
കുളിപ്പിച്ച് തുവർത്തുന്ന ആകാശം
മരക്കൊമ്പിൽ
തൂവലുണക്കുന്ന കരിയിലക്കിളികൾ .

ഈ രാത്രി
കൈ ചേർത്ത് പിടിക്കാനൊരു കൂട്ടെന്നു
മനസ്സ് പിടഞ്ഞിരുന്നു
അത് കൊണ്ടാവും
തോരാതിങ്ങനെ പെയ്യുന്നത്.

ഒറ്റയ്ക്കാണ് ഒറ്റയ്ക്കാണെന്ന്
ഉരുകുമ്പോൾ
ആയിരം കൈകളാൽ ചേർത്ത് പിടിക്കും
മനസ്സൊന്നു തണുക്കുവോളം
നിറഞ്ഞു പെയ്തെന്റെ
ഒറ്റപ്പെടലുകളെയാകെ തുടച്ചുമാറ്റും
കാതോളം ചേർന്ന് നിന്നു സ്വകാര്യം പറയും
ഈറൻ ചുണ്ടുകളാൽ പിൻ കഴുത്തിൽ ഉമ്മകൾ എഴുതി കളിക്കും
തനിച്ചു നടന്നു തീർത്ത വഴികളൊക്കെയും
കൂടെ നടക്കും.

ഒരിക്കലും വന്നു ചേരാത്ത ആരെയോ
കാത്തു കാത്തിരുന്നു തീര്ന്നു പോകാറായ  ജീവിതം,
അതിലിനി ബാക്കിയായ ദിനങ്ങൾ
പെയ്തൊഴിയാത്തൊരു മഴക്കാലമായെങ്കിൽ.

Saturday, February 20, 2016

അവശേഷിപ്പ്

ഇരുൾ  തിളച്ചു തൂകിയ രാത്രി 
പകലിരമ്പങ്ങൾ ഒടുങ്ങി 
വിജനമായ നിരത്തുകൾ
കൃത്യമായ  ഇടവേളകളിൽ 
ചുവപ്പും പച്ചയും മഞ്ഞയും
നിറഭേദങ്ങൾ 
റോഡിനപ്പുറം ഉറങ്ങാത്ത കോഫീ ഷോപ്പ്
ചോക്ലേറ്റ് കേക്കും കോൾഡ് കോഫീയുമായി
മേശയ്ക്കിരുവശത്തേക്കുമെന്നെ
പകുക്കുന്നു
പതിഞ്ഞ ശബ്ദത്തിലെ പോപ്‌ മ്യൂസിക്കിനൊപ്പം 
വാദിയും പ്രതിയുമാക്കുന്നു

ചോദ്യങ്ങളിൽ കുരുക്കിയും
ഉത്തരങ്ങളിൽ കുഴക്കിയും
കൂട്ടുമ്പോഴും  കുറയ്ക്കുമ്പോഴും 
ബാക്കിയാവുന്ന ഞാൻ
കളിനേരങ്ങളിൽ
പാമ്പും ഗോവണിയുമായി
രൂപാന്തരപെട്ടു
കയറ്റിറക്കങ്ങളുടെ
ആവേഗങ്ങളിൽ  രസിക്കുന്നു.

കഥയെന്നും കവിതയെന്നും മാറ്റി,
മാറ്റിയെഴുതുന്നു
എന്നിട്ടും
ഒറ്റമരത്തിലെ
അവസാനത്തെ ഇലയുടെ
കരിഞ്ഞു തുടങ്ങിയ
ഇല ഞരമ്പുകളിൽ
ഞാൻ
ഞാൻ മാത്രമെന്നൊരു
കുറിപ്പ്  മാത്രം
മനസിലാക്കലിൻറെ 
മനസിലാക്കപ്പെടലിൻറെ
കൈവഴികളിൽ
വഴിതെറ്റി
വരിതെറ്റിയൊരു
കാറ്റിന്റെ കയ്യൊപ്പാകുന്നു.

അവശേഷിച്ച ചോക്ലേറ്റ് കേക്കിനൊപ്പം
കാപ്പിയുടെ രസമുള്ള ചവർപ്പും നുണഞ്ഞു
രാത്രി സൂര്യനെ
ചുണ്ടിൽ ചേർത്തു
ട്രാഫിക് ലൈറ്റിന്റെ   ചുവപ്പിലേക്ക്
നടന്നു കയറുന്നു ...